കല്‍പ്പറ്റ: രാജ്യം ഐതിഹാസിക പോരാട്ടങ്ങളിലൂടെ നേടിയ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാനും ഭാവിതലമുറയ്ക്ക് കൈമാറാനും ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞയെടുക്കണമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്. എസ്കെഎംജെ സ്കൂള്‍ ഗ്രൗണ്ടില്‍ ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ദേശീയപതാക ഉയര്‍ത്തി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
സത്യത്തിലും സ്നേഹത്തിലും അധിഷ്ഠിതമാണ് രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യവും. ഭാവിയുടെ വിധാതാക്കളായ യുവജനങ്ങളെ ചേര്‍ത്തുനിര്‍ത്തി സ്നേഹത്തിന്റെ കരം പകരുന്നതിനുപകരം ലാത്തിയും ബുള്ളറ്റുകളും സമ്മാനിക്കുന്നത് രാജ്യത്തിന്റെ ചൈതന്യത്തിന് ചേര്‍ന്നതല്ല.
പതിനെട്ടാം നൂറ്റാണ്ടില്‍ ധീരമായ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്ക് വേദിയായ മണ്ണാട് വയനാടിന്റേത്. ഗോത്രസമൂഹത്തില്നിന്ന് ഉയര്‍ന്നുവന്ന ചെറുത്തുനില്‍പ്പുകള്‍ ഉയര്‍ത്തിക്കാട്ടേണ്ടതുണ്ട്.
സ്വന്തം ജനതയുടെ മണ്ണും സാമ്പത്തിക അടിത്തറയും സംരക്ഷിക്കാന്‍ ധീരമായി പോരാടി വീരമൃത്യുവരിച്ചവരെക്കുറിച്ചുള്ള ഓര്മ നിലനിര്‍ത്തുന്നതിന് ഗേത്രവര്ഗസ്വാതന്ത്ര്യസമര സേനാനി മ്യൂസിയം ജില്ലയില്‍ സജ്ജമാക്കുന്നുണ്ട്.
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കേണ്ട കാലമാണിത്. ഗോത്രസമൂഹത്തിന്റെ മണ്ണും വീടും ആരോഗ്യവും വിദ്യാഭ്യാസവും ഉത്തരവാദിത്വത്തോടെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനും പൊതുസമൂഹത്തിനുമുണ്ട്. ഗോത്രവര്‍ഗക്കാര്‍ക്ക് നടപ്പാക്കിയ പദ്ധതികളിലെ പിഴവുകള്‍ പരിഹരിക്കണം. ഗോത്രസമൂഹത്തിനുള്ള പദ്ധതികളില്‍ അഴിമതി നടത്തുന്നത് പൊറുക്കാനാവാത്ത അപരാധമായി കണക്കാക്കി ശക്തമായ നടപടി സ്വീകരിക്കും.
തുടര്‍ച്ചയായ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ജില്ലയാണ് വയനാട്. ദുരന്ത സമയങ്ങളില്‍ ജാതിമതരാഷ്ട്രീയ പരിഗണനകള്‍ക്കപ്പുറം ഒരുമിച്ച് നില്‍ക്കുകയും മനുഷ്യന് ഒന്നാണെന്ന മൂല്യത്തിലൂന്നി പ്രതിസന്ധികളെ അതിജീവിക്കുകയും ചെയ്യുന്ന വയനാടന്‍ ജനത രാജ്യത്തിനാകെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.